സ്കൂള്‍ ജലശ്രീ ക്ലബ് ജില്ലാ തല ശില്പശാല, കാസറഗോഡ്
പ്രസിദ്ധീകരിച്ചത് Thu, September 14 2023
ജലശ്രീ ക്ലബ്ബുകളുടെ കാസറഗോഡ് ജില്ലാതല ശില്പശാല 2023 സെപ്റ്റംബര്‍ 14ന് കാസറഗോഡ് സിവില്‍ സ്റ്റേഷനില്‍ ഡി.പി.സി. ഹാളില്‍ വെച്ച് നടത്തപ്പെട്ടു. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍റ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA), കണ്ണൂര്‍ മേഖലാ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് (RPMU), സുസ്ഥിര - സെന്‍റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡവലപ്പ്മെന്‍റ് സ്റ്റഡീസ് & ആക്ഷനും ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിച്ചത്. ജലശ്രീ ക്ലബ്ബ് പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ രൂപീകരിച്ചിട്ടുള്ള ജലശ്രീ ക്ലബ്ബുകളില്‍ നിന്നും ഒരു അധ്യാപക പ്രതിനിധിയും ഒരു വിദ്യാര്‍ത്ഥി പ്രതിനിധികളുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ബേബി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തില്‍ പഞ്ചായത്തിനോടൊപ്പം ചേര്‍ന്നുകൊണ്ട് വളര്‍ന്നു വരുന്ന പുതുതലമുറയ്ക്ക് മാതൃകയാവാനും സ്കൂള്‍ ജലശ്രീ ക്ലബ്ബുകള്‍ വിദ്യാര്‍ത്ഥികളിലും അവര്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ കുറഞ്ഞ മഴയാണ് ഈ വര്‍ഷം ലഭിച്ചതെന്നും അതുകൊണ്ട് തന്നെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രാധാന്യം വളരെ വലുതാണെന്നും പ്രസിഡന്‍റ് പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം മൂലം രണ്ട് പഞ്ചായത്തുകളില്‍ രൂക്ഷമായ ജലക്ഷാമം കുറയ്ക്കാനും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ശുദ്ധമായ ജലം ജനങ്ങളിലേക്ക് എത്തിക്കാനും സാധിച്ചിട്ടുണ്ട്. ഈ പരിപാടിക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നുകൊണ്ട് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു.
മുഖ്യ അതിഥിയായി കാസറഗോഡ് പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ. വി. ചന്ദ്രന്‍ സംസാരിച്ചു. തന്‍റെ ജലനിധി പദ്ധതിയുമായുള്ള ബന്ധവും ഇത്മൂലം കാസറഗോഡ് ജില്ലയ്ക്കുണ്ടായ ഗുണങ്ങളെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഐ.ഇ.സി. സ്പെഷ്യലിസ്റ്റ് ആര്‍.പി.എം.യു. കണ്ണൂര്‍ ശ്രീ. എ. യോഹന്നാന്‍ സ്വാഗതം പ്രസംഗം ആശംസിച്ചു. ഷോര്‍ട്ട് ഫിലിമിന്റെ ആവശ്യകതയും അത് ഉണ്ടാക്കുന്ന പ്രസക്തിയെക്കുറിച്ചും തുടക്കത്തില്‍ തന്നെ അദ്ദേഹം ബോധ്യപ്പെടുത്തി. സുസ്ഥിര ഐ.എസ്.എ. ഡയറക്ടര്‍ ശ്രീ. സണ്ണി ആശാരിപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍.ഡബ്ല്യു.എസ്.എ. ടെക്നിക്കല്‍ മാനേജര്‍ ശ്രീ. അജിത്കുമാര്‍ ആശംസ ആര്‍പ്പിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ജലഗുണമേന്മയുടെ ആവശ്യകതയെ മനസ്സിലാക്കിക്കൊടുക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. സുസ്ഥിര കണ്ണൂര്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. മൂസ ബാസിത്ത് നന്ദി പ്രകാശിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ശില്പശാലയുടെ ഭാഗമായി ക്രമീകരിച്ച ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍, എച്ച്.ആര്‍, കെ.ആര്‍.ഡബ്ല്യു.എസ്.എ, ശ്രീ. ജോണി പി.കെ. ജലശ്രീ ക്ലബ്ബുകളുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ്സുകള്‍ നയിക്കുകയും. ജലശ്രീക്ലബ്ബുകളുടെ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
- ജലസംരക്ഷണ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും പ്രാധാന്യവും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തുക.
- ജലസംരക്ഷണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകളിലെയും വീടുകളിലും പൊതു സ്ഥലങ്ങളിലും പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുക.
- ജലസൗഹൃദ ക്യാമ്പസുകളായി വിദ്യാലയങ്ങളെ മാറ്റുക
- ജലഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ ആവശ്യമായ പഠനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുക.
തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം & എഡിറ്റിംഗ് എന്ന വിഷയത്തില്‍ ആക്ടര്‍ ആന്‍റ് ഫിലിം ഡയറക്ടര്‍ ശ്രീ. വിജു വര്‍മ്മ ക്ലാസ്സുകള്‍ നയിച്ചു. ഫിലിം എഡിറ്റിംഗ്, ഛായാഗ്രഹണം, നിര്‍മ്മാണം, ഭാവങ്ങള്‍, ഭാവവ്യത്യാസങ്ങളുടെ പ്രത്യേകതകള്‍ എന്നിവയെല്ലാം വളരെ വിശദമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി വിവരിച്ചുകൊടുത്തു. വിവിധ ഷോര്‍ട്ട് ഫിലിമുകള്‍ കാണിച്ച്കൊടുത്തതിലൂടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ ഇവയെല്ലാം മനസ്സിലാക്കാനും സാധിച്ചു. കൂടാതെ അവരുടെ ക്രിയേറ്റീവ് സ്കില്‍ ഡെവലപ്പ് ചെയ്യിക്കാനായി കളികളിലും ഏര്‍പ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഇഷ്ടവിഷയമായി ജലസംരക്ഷണം ഏറ്റെടുക്കണമെന്നും അതിനായി പരിമാവധി ആളുകളെ ബോധവത്ക്കരിക്കണമെന്നും പറഞ്ഞുകൊണ്ട് ക്ലാസ്സുകള്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. വൈകിട്ട് 4.30ന് ശില്പശാല സമാപിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 102 പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.