സ്കൂള്‍ ജലശ്രീ ക്ലബ് - കണ്ണൂര്‍ ജില്ലാ തല ശില്പശാല
പ്രസിദ്ധീകരിച്ചത് Wed, September 13 2023
കണ്ണൂര്‍ ജില്ലയില്‍ സ്കൂളുകളില്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ജലശ്രീ ക്ലബ്ബുകളുടെ ജില്ലാതല ശില്പശാല 2023 സെപ്റ്റംബര്‍ 13ന് കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ വെച്ച് നടത്തപ്പെട്ടു. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍റ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA), കണ്ണൂര്‍ മേഖലാ പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റ് (KRWSA), സുസ്ഥിര കണ്ണൂര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ 70 സ്കൂളുകളില്‍ നിന്നായി 165 പേര്‍ പങ്കെടുത്തു. രാവിലെ 10 മണിയോടെ ആരംഭിച്ച പരിശീലനത്തില്‍ കണ്ണൂര്‍ അസിസ്റ്റന്‍റ് കലക്ടര്‍ ശ്രീ. അനൂപ് ഗാര്‍ഗ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തന്‍റെ സ്വതസിദ്ധമായ രീതിയില്‍ ജലത്തിന്റെ ഉപയോഗവും പ്രാധാന്യവും കുട്ടികളെയും അധ്യാപകരെയും ബോധ്യപ്പെടുത്തി. ജല്‍ ജീവന്‍ മിഷന്‍, കണ്ണൂര്‍ മെമ്പര്‍ സെക്രട്ടറി, ശ്രീ. റിജു.വി ആശംസ പ്രസംഗം നടത്തി. ജലത്തിന്റെ സവിശേഷതകളും ഇന്നത്തെ കാലഘട്ടത്തില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും, ജലസന്ദേശങ്ങളും, കുട്ടികളിലേക്കും അധ്യാപകരിലേക്കും പകര്‍ന്നു നല്‍കണമെന്ന് അദ്ദേഹം ഉല്‍ഭോധിപ്പിച്ചു.
ഉദ്ഘാടനത്തിനു ശേഷം ശില്പശാല ഔദ്യോഗികമായി ആരംഭിച്ചു. ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത കെ. ആര്‍.ഡബ്ല്യു.എസ്.എ, ഡെപ്യൂട്ടി ഡയറക്ടര്‍, എച്ച്.ആര്‍, , ശ്രീ. ജോണി പി.കെ. ക്ലബ്ബുകളെക്കുറിച്ചും ജലത്തിന്റെ വിനിയോഗത്തെക്കുറിച്ചും വിശദമാക്കി. എന്താണ് ക്ലബ്ബുകള്‍ എന്നും ക്ലബ്ബുകള്‍ എപ്പോഴും വളരെ സജീവമായി പ്രവര്‍ത്തിക്കേണ്ട ഒന്നാണ് എന്നും ജലശ്രീ ക്ലബ്ബുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക ആകേണ്ടവര്‍ ആണെന്നും ഇതിലൂടെ മാലിന്യമുക്തവും ജലസമൃദ്ധവുമായ പ്രകൃതി, അത് സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനും അതിജീവനത്തിനും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് പിന്നീട് അവരെ ബോധ്യപ്പെടുത്തി.
തുടര്‍ന്ന്‍ ആക്ടര്‍ ആന്‍റ് ഫിലിം ഡയറക്ടര്‍, തിരുവനന്തപുരം ശ്രീ. വിജു വര്‍മ്മ, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം ആന്‍റ് എഡിറ്റിംഗ് എന്നിവയെക്കുറിച്ച് ക്ലാസ്സുകള്‍ നയിച്ചു. സിനിമയും ഡോക്യുമെന്‍ററിയും (Documentary) എങ്ങനെയാണെന്നും ക്യാമറയുടെ പൊസിഷനുകളും കുട്ടികളുടെ അഭിരുചികളെക്കുറിച്ചെല്ലാം സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് ഷോര്‍ട്ട് ഫിലിമുകള്‍ കാണിച്ചുകൊടുക്കുകയും കുട്ടികളെ ജലഗുണമേന്മയെക്കുറിച്ചുള്ള ഷോര്‍ട്ട്ഫിലിം മത്സരത്തിനായി അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഇതിന്‍റെ നിബന്ധനകളെക്കുറിച്ചും വിവരിക്കുകയുണ്ടായി.
വിദ്യാര്‍ത്ഥികള്‍ വളരെ താല്പര്യപൂര്‍വ്വം ക്ലാസ്സുകളില്‍ പങ്കെടുക്കുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയെല്ലാം കുട്ടികളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കാന്‍ അധ്യാപകരോടും മുതിര്‍ന്നവരോടും അഭ്യര്‍ത്ഥിച്ചു. വിവിധ ഭാവങ്ങളും അഭിനയങ്ങളും കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുന്നതിനും അവരുടെ കലാവാസനകളെ വികസിപ്പിക്കുന്നതിനുമായി വിവിധ കളികളും ഇവര്‍ക്കായി നടത്തപ്പെട്ടു.
സമാപന സന്ദേശവും സര്‍ട്ടിഫിക്കറ്റ് വിതരണവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ശ്രീമതി. പി. പി. ദിവ്യ നിര്‍വ്വഹിക്കുകയുണ്ടായി. എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പങ്കെടുത്തവരെ ജലസംരക്ഷണത്തിനായ് പ്രോത്സാഹിപ്പിച്ചു.
ശില്പശാലയുടെ ഉദ്ഘാടന യോഗത്തില്‍ ശ്രീ. യോഹന്നാന്‍, ഐ.ഇ.സി. സ്പെഷ്യലിസ്റ്റ്, RPMU, KRWSA സ്വാഗതം ആശംസിച്ചു. മേഖല പ്രൊജക്റ്റ് ഡയറക്ടര്‍, ശ്രീ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. സുസ്ഥിര കണ്ണൂരിന്റെ ഡയറക്ടര്‍ ശ്രീ സണ്ണി ആശാരിപറമ്പില്‍ നന്ദിയും അര്‍പ്പിച്ചു. പരിശീലന പരിപാടി വൈകിട്ട് 4.15 മണിക്ക് അവസാനിച്ചു.