Last updated on 08/08/2022 04:15 PM | Visitor Count 2383924
logo

News & Events

വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടം നിര്‍മ്മിച്ച 150 മഴവെള്ള സംഭരണികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട 150 മഴവെള്ള സംഭരണികളുടെ നിര്‍മ്മാണ ഉല്‍ഘാടനവും ബഹു: ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

Published on Mon, January 10 2022

സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് പ്ലാന്‍ പദ്ധതി 2020-21-ല്‍ ഉള്‍പ്പെടുത്തി “മഴവെള്ള സംഭരണം ഭൂജല പരിപോഷണം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ടമായി നിര്‍മ്മിച്ച 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള 150 മഴവെള്ള സംഭരണികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ട 150 മഴവെള്ള സംഭരണികളുടെ നിര്‍മ്മാണ ഉല്‍ഘാടനവും 07.01.2022 ല്‍  വാഴൂര്‍ ബ്ലോക്ക്‌ ഓഫീസില്‍ വച്ചു ബഹു: ജലവിഭവ വകുപ്പ് മന്ത്രി  ശ്രീ.റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ബഹു: സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്‌ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

 
കേരള ഗ്രാമീണ ശുദ്ധജല വിതരണ ഏജന്‍സിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന "മഴവെള്ള സംഭരണം ഭൂജല പരിപോഷണം " പരിപാടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.

            സമൃദ്ധമായി മഴ ലഭിക്കുന്ന കേരളത്തില്‍ വേനല്‍ തുടങ്ങുമ്പോഴേക്കും ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കേണ്ടത് അനിവാര്യമാണ്. കേരളത്തിലെ മഴയുടെ തോതനുസരിച്ചു 200 ചതുരശ്ര അടി വിസ്‌തൃതിയുള്ള വീടിന്റെ മേല്‍ക്കൂരയില്‍ ഏകദേശം 60000 ലിറ്റര്‍ വെള്ളമാണ് ഓരോ വര്‍ഷവും മഴയിലൂടെ ലഭിക്കുന്നത്. ഇതില്‍ 6ല്‍ ഒരു ഭാഗം (10000 ലിറ്റര്‍) ശേഖരിച്ചാല്‍ ശരാശരി 5 അംഗങ്ങളുള്ള കുടുംബത്തിന് 83 ലിറ്റര്‍ തോതില്‍ മഴയില്ലാത്ത 4 മാസത്തേക്ക് കുടിക്കുവാനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള വെള്ളം ലഭിക്കും. കൂടാതെ മഴയുള്ള മാസങ്ങളില്‍ ആവശ്യത്തിനനുസരിച്ചു മഴവെള്ളം ശേഖരിച്ചു ഉപയോഗിക്കുകയും ചെയ്യാം. അപ്രകാരം കണക്കാക്കിയാല്‍ നാളേക്കുള്ള ജലം, മഴ സുലാഭമായ കാലത്തു നമുക്ക് സംഭരിച്ചു ഉപയോഗിക്കുവാന്‍ സാധിക്കും.
സ്റ്റേറ്റ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി "മഴവെള്ളസംഭരണം - ഭൂജല പരിപോഷണം" പരിപാടി കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി (കെ.ആര്‍.ഡബ്ല്യു.എസ്.എ ) യുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.
പദ്ധതിയുടെ ഭാഗമായി കുടിവെള്ളക്ഷാമം നേരിടുന്ന മലയോര / തീരദേശ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തു ഗുണഭോക്താക്കളുടെ  സാമ്പത്തിക പങ്കാളിത്തത്തോടെ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു നല്കിവരുന്നു. കുടിവെള്ളത്തിന് യാതൊരുവിധ സംവിധാനങ്ങളും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്കികൊണ്ട് വ്യക്തിഗത മഴവെള്ള സംഭരണികളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. 10,000 ലിറ്റര്‍ മഴവെള്ളം ശേഖരിച്ചു ഉപയോഗിക്കാന്‍ ശേഷിയുള്ള സംഭരണികള്‍ ഫെറോ സിമന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.
ഒരു സംഭരണി നിര്‍മിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന തുകയുടെ 5% തുക ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളും, 10% തുക എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളും ഗുണഭോക്‌തൃ വിഹിതമായി പദ്ധതിയുടെ അനുകൂല്യത്തിനായി നല്‍കേണ്ടതുണ്ട്.
പരിചയ സമ്പന്നരായ കരാറുകാരുടെയും സന്നദ്ധ സംഘടനകളുടെയും സേവനം  ഉപയോഗിച്ചുകൊണ്ടാണ് നിര്‍മാണ ജോലികള്‍ ഓരോ ഗ്രാമ പഞ്ചായത്തുകളിലും നടപ്പിലാക്കി വരുന്നത്. കെ.ആര്‍.ഡബ്ല്യു.എസ്.എയുടെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം എല്ലാ ഘട്ടങ്ങളിലെയും പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന് നല്കിവരുന്നു.
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍, മലയോര മേഖലയില്‍ ഉള്‍പ്പെടുന്ന വാഴൂര്‍ ഗ്രാമ പഞ്ചായത്തില്‍ വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ തന്നെ നാട്ടിലെ ഒട്ടുമിക്ക കിണറുകളും അരുവികളും വറ്റിവരളും. ശക്തമായ വേനല്‍ മഴ പെയ്തിറങ്ങുമ്പോള്‍ തന്നെ വെള്ളം ഒഴുകി നഷ്ടപ്പെടുന്ന പ്രത്യേക ഭൂപ്രകൃതിയാണ് വാഴൂരിന്റെത്. വാഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഗ്രാമ പഞ്ചായത്തു ഭരണ സമിതി അംഗങ്ങള്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി ജലക്ഷാമ പരിഹാരത്തിന് പല പദ്ധതികളെപറ്റി ആരായുകയുണ്ടായി. അവയില്‍ ചില പദ്ധതികള്‍ അനുയോജ്യമായിരുന്നില്ല. എന്നാല്‍ ചില പദ്ധതികള്‍ അനുയോജ്യമായിരുന്നെങ്കിലും ഗ്രാമ പഞ്ചായത്തിന് അവ പ്രവര്‍ത്തികമാക്കുന്നതിനു എളുപ്പമായിരുന്നില്ല. തുടര്‍ന്ന് വാഴൂര്‍ ഗ്രാമ പഞ്ചായത്തിന് ഏറ്റവും യോജിച്ച പദ്ധതി, മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നതാണെന്നു തിരിച്ചറിയുകയും ജലവിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സിയെ പദ്ധതി സഹായത്തിനായി സമീപിക്കുകയും ചെയ്തു. വാഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായ സഹകരണത്തോടെ കെ.ആര്‍.ഡബ്ല്യു.എസ്.എ യുടെ ഉത്തരവാദിത്വത്തില്‍ ആദ്യഘട്ടം അനുവദിച്ച 150 മഴവെള്ള സംഭരണികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക താല്പര്യം പരിഗണിച്ചും ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്റെ പ്രത്യേക ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ 150 മഴവെള്ള സംഭരണി കൂടി അധികമായി അനുവദിച്ചു നല്കി. ഗ്രാമ പഞ്ചായത്ത് കുടിവെള്ളക്ഷാമം അതി രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്കി കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവ് 1.52 കോടി രൂപയാണ്.
ഈ അവസരത്തില്‍ പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം വാഴൂര്‍ ഗ്രാമ പഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിച്ചത് പ്രത്യേക നേട്ടമായി കണക്കാക്കുന്നു. മഴവെള്ള സംഭരണത്തോടൊപ്പം തന്നെ ഭൂജല പരിപോഷണ പരിപാടിക്കും പ്രാധാന്യം നല്കികൊണ്ട് സംഭരണികളില്‍ നിന്നും കവിഞ്ഞു ഒഴുകുന്ന മഴവെള്ളം കിണറിലേക്കോ പ്രത്യേകം സജ്ജമാക്കിയ മഴക്കുഴിയിലേക്കോ റീചാര്‍ജ് ചെയ്യുന്നു.
നിര്‍മാണത്തിന് മുന്‍പ് തന്നെ ഗുണഭോക്താക്കള്‍ക്കായി ഒരു ബോധവത്കരണ ക്ലാസ് പഞ്ചായത്ത് തലത്തില്‍ നടത്തുന്നുണ്ട്. നിര്‍മാണ സാമഗ്രികളുടെ അളവുകളും, നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കു മുന്‍പും ശേഷവും ഗുണഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നു. മഴവെള്ള സംഭരണികള്‍ക്കു നിര്‍വ്വഹണാന്തര ഘട്ടത്തില്‍ നേരിട്ടേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നിര്‍മാണ ഏജന്‍സികള്‍ക്ക് / കരാറുകാരന് നല്‍കുന്ന തുകയുടെ 10% തുക ഒരു വര്‍ഷത്തെ ഗ്യാരന്റീ പീരിഡിലേക്കു റീടെന്‍ഷന്‍ തുകയായി പിടിച്ചു വയ്ക്കുന്നു. സാങ്കേതിക തകരാറുകള്‍ നേരിടുന്ന സംഭരണികളുടെ അറ്റകുറ്റ പണികള്‍ നിര്‍വഹിച്ചതിന് ശേഷം മാത്രം 10% റീടെന്‍ഷന്‍ തുക ഏജന്‍സികള്‍ക്ക് / കരാറുകാരന് തിരിച്ചു നല്കുന്നു.
മഴവെള്ള സംഭരണ മേഖലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ 74 ഗ്രാമ പഞ്ചായത്തുകളിലെ 9662 വ്യക്തിഗത കുടുംബങ്ങള്‍ക്കും, 840 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും മഴവെള്ള സംഭരണത്തിനും 7218 കുടുംബങ്ങള്‍ക്ക് കിണര്‍ റീചാര്‍ജിങ് അനുബന്ധ പരിപാടികള്‍ക്കും ആനുകൂല്യം ലഭിച്ചതായി കണക്കാക്കാവുന്നതാണ്. മഴവെള്ള സംഭരണ മേഖലയില്‍ കെ.ആര്‍.ഡബ്ല്യു.എസ്.എ നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ ഇവയാണ്.
  • വ്യക്തിഗത കുടുംബങ്ങള്‍ക്ക് 10000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണികള്‍
  • കിണര്‍ റീചാര്‍ജിങ് പദ്ധതി
  • കിണര്‍ റീചാര്‍ജിങ്, കിണറിന്റെ അറ്റകുറ്റ പണികള്‍ , മോട്ടോര്‍ സ്ഥാപിക്കല്‍ പദ്ധതി
  • സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴ വെള്ള സംഭരണം ഭൂജല പരിപോഷണം പദ്ധതി നടപ്പിലാക്കുക
  • സര്‍ക്കാര്‍ / സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് മഴവെള്ള സംഭരണത്തിനാവശ്യമായ സാങ്കേതിക വിദ്യ ലഭ്യമാക്കുക
വാഴൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഈ പദ്ധതി കാര്യക്ഷമമായ രീതിയില്‍ നടപ്പിലാക്കുന്നതിന് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള എല്ലാ ജനപ്രതിനിധികളുടെ പിന്തുണയും പ്രോത്സാഹനവും എല്ലാ ഘട്ടത്തിലും ലഭിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. സര്‍ക്കാരിന് വേണ്ടി കെ.ആര്‍.ഡബ്ല്യു.എസ്.എ, ഗ്രാമ പഞ്ചായത്തും, ഗുണഭോക്താക്കളും, കരാറുകാരനും  ഒരു ടീം ആയി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 300 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം സമയ ബന്ധിതമായി നല്കാന്‍ സാധിച്ചതെന്നു  അഭിമാനത്തോടെ ഇത്തരുണത്തില്‍ അറിയിക്കുകയാണ്.
 

news image