Last updated on 09/11/2024 09:30 AM | Visitor Count 8146140
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

ജലനിധി പദ്ധതി

ഭാരതത്തിലെ ഗ്രാമീണ ശുദ്ധജല വിതരണ മേഖലയിലെ സാമൂഹ്യ പരിഷ്ക്കരണ  നടപടികള്‍ക്ക് കാരണമായ കൊച്ചി പ്രഖ്യാപനത്തില്‍  ഒപ്പുവെച്ച സംസ്ഥാനമാണ് കേരളം. ഇതിന്‍റെ തുടര്‍ച്ചയെന്നോണം 1999 ല്‍ ശുദ്ധജല വിതരണ  ശുചിത്വ പദ്ധതി നടപ്പിലാക്കുന്നതിനായി കേരളം ലോകബാങ്കുമായി കരാര്‍ ഒപ്പിടുകയും പദ്ധതിക്ക്  ڇജലനിധിڈ എന്ന പേര് നല്‍കുകയും ചെയ്തു. ശുദ്ധജല വിതരണ ശുചിത്വ മേഖലയില്‍ അനിവാര്യമായതും വികസന രംഗം ആഗ്രഹിച്ചതുമായ പുതിയ ചില പരീക്ഷണങ്ങള്‍ നടത്താന്‍  കെ.ആര്‍.ഡബ്ല്യു.എസ്.എ തീരുമാനിച്ചു. പദ്ധതികള്‍ ആവശ്യാധിഷ്ഠിതമായിരിക്കുക, സാമൂഹ്യ ഉടമസ്ഥത ഉറപ്പ് വരുത്തുക  തുടര്‍ പരിപാലനം ഗുണഭോക്താക്കള്‍ ഏറ്റെടുക്കുക, സൃഷ്ടിക്കുന്ന ആസ്തികളുടെ ഗുണമേډയും സുസ്ഥിരതയും ഉറപ്പ് വരുത്തുക, വികേന്ദ്രീകൃത  ആസൂത്രണവും പങ്കാളിത്താധിഷ്ഠിത നടത്തിപ്പും പ്രവൃത്തിപഥത്തിലെത്തിക്കുക തുടങ്ങിയ ആശയങ്ങളില്‍ അടിസ്ഥാനമിട്ട്  ജലനിധി പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. ഗുണഭോക്തൃ സമിതികളും ഗ്രാമപഞ്ചായത്തും കേരള സര്‍ക്കാരുമാണ് ജലനിധി പദ്ധതിയുടെ മുഖ്യ പങ്കാളികള്‍ . പിന്നാക്ക, ദുര്‍ബല ജന വിഭാഗങ്ങള്‍ക്ക് തുല്യ നീതി ലഭിക്കുംവിധം ഗ്രാമീണ ശുദ്ധജല  വിതരണ പദ്ധതി നടപ്പിലാക്കുവാന്‍ കെ.ആര്‍.ഡബ്ല്യു.എസ്.എ സ്വീകരിച്ച വികസന സമീപനം മാതൃകപരവും അനുകരണീയവുമായിരുന്നു.

കേരളത്തിലെ 14 ജില്ലകളിലെ 4 ജില്ലകളിലാണ് ജലനിധി പദ്ധതി ആരംഭിച്ചത്. ക്രമേണ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ജലനിധിയുട പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഒന്നാം ഘട്ടത്തില്‍ 3710 കുടിവെള്ള പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. അവയെല്ലാം ഗുണഭോകതൃ സമിതികള്‍ പരിപാലിക്കുകയും ജലവിതരണം നടത്തുകയും ചെയ്യുന്നു. 3710 പദ്ധതികളില്‍ 16 എണ്ണം താരതമ്യേന വലുതും 500 ല്‍ അധികം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതുമാണ്. 112 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ 52 സന്നദ്ധ സംഘടനകളാണ് സഹായ സംഘടനകളായി ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചത്.  കേരള സര്‍ക്കാരിന്‍റെ പ്രധാന കുടിവെള്ള വിതരണ ഏജന്‍സിയായി പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള  കര്‍മ്മ പരിപാടികളും കെ.ആര്‍.ഡബ്ല്യു.എസ്.എ നടപ്പിലാക്കി. കിണറുകള്‍, കുഴല്‍ കിണറുകള്‍, കുളങ്ങള്‍, തടാകങ്ങള്‍. പുഴകള്‍, മഴ എന്നീ ജലസ്രോതസ്സുകള്‍ കുടിവെള്ള പദ്ധതികള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന് വിവിധങ്ങളായ സാങ്കേതിക വിദ്യകളാണ് ജലനിധി പരിചയപ്പെടുത്തിയത്. ഒന്നാംഘട്ട ജലനിധി പദ്ധതി 2000- ല്‍ ആരംഭിച്ച് 2008 ല്‍ അവസാനിച്ചു.
ജലനിധി പദ്ധതിയുടെ ആസൂത്രണവും രൂപകല്പനയും, പദ്ധതി നിര്‍വ്വഹണത്തിനുള്ള  തയ്യാറെടുപ്പും, പദ്ധതിയയുടെ തുടക്കവും, മേല്‍നോട്ടവും, വിലയിരുത്തലും, സാമൂഹിക, പാരിസ്ഥിതിക സന്തുലിതാവസ്ഥ  നിലനിര്‍ത്തുന്നതിനുള്ള  അനുവര്‍ത്തന പ്രവര്‍ത്തനങ്ങളും, സാമൂഹ്യ സുരക്ഷാ നടപടികളും, പൊതുജന വിശ്വാസം ആര്‍ജ്ജിച്ചുകൊണ്ടുള്ള സാമ്പത്തിക അച്ചടക്കവും സുതാര്യമായ വാങ്ങല്‍ നടപടി ക്രമങ്ങളും ഒന്നാംഘട്ട ജലനിധി പദ്ധതിയെ സമൂഹ മധ്യത്തില്‍ സ്വീകാര്യവും സമകാലീന വികസന മണ്ഡലത്തില്‍ സമാനതകളില്ലാത്ത വികസന പദ്ധതിയായി അംഗീകരിക്കപ്പെടുന്നതിനും കാരണമായി. ജലനിധി പദ്ധതിയുടെ സുസ്ഥിരതയെ മികച്ചതെന്ന് വിശേഷിപ്പിക്കാമെങ്കില്‍ കുടിവെള്ള പദ്ധതികള്‍ പരിപാലിച്ചുകൊണ്ടുപോകുന്ന സമിതികളുടെ നൈപുണ്യത്തെയും ആര്‍ജ്ജവത്തെയും വളരെ മികച്ചതെന്നേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

ജലനിധി പദ്ധതിയുടെ സംസ്ഥാനതല നിര്‍വ്വഹണ ഏജന്‍സി എന്ന നിലയില്‍ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ  നടത്തിപ്പില്‍ കെ.ആര്‍.ഡബ്ല്യു.എസ്.എ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. നിരന്തരമായ പഠനം, പ്രവര്‍ത്തന മണ്ഡലങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള  മേല്‍നോട്ട, അവലോകന, വിശകലന സംവിധാനങ്ങള്‍, പദ്ധതിയുടെ വികസന തത്വശാസ്ത്രം ഉള്‍ക്കൊണ്ടുകൊണ്ടുള്ള  പ്രായോഗിക കര്‍മ്മ പരിപാടികള്‍, വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം തെളിയിച്ച കര്‍മ്മനിരതരായ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്തുകളുമായും, സഹായസംഘടനകളുമായും, ഗുണഭോക്തൃ സമിതികളുമായും ഉള്ള ഇഴചേര്‍ന്ന ബന്ധം, പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുപോകുന്നതിന് ഉതകുന്ന പ്രവര്‍ത്തന കലണ്ടര്‍ എന്നിവയെല്ലാം കെ.ആര്‍.ഡബ്ല്യു.എസ്.എ എന്ന വികസന ഏജന്‍സിയുടെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്‍റെയും ദീര്‍ഘ വിക്ഷണത്തിന്‍റെയും സൂചികകളാണ്. പദ്ധതി നിര്‍വ്വഹണ  സംവിധാനത്തിലെ ഇതര ഏജന്‍സികളായ ഗ്രാമപഞ്ചായത്തും  ഗുണഭോക്തൃ സമിതികളും ജലനിധി പദ്ധതിയെ അതീവ താല്‍പര്യത്തോടെ ഏറ്റെടുക്കുകയും പദ്ധതി നിര്‍വ്വഹണത്തില്‍  ഉടമസ്ഥാവകാശവും സമര്‍പ്പണ മനോഭാവവും പ്രകടമാക്കുകയും ചെയ്യുന്നു.

ജലനിധി ഒന്നാംഘട്ടം - നേട്ടങ്ങള്‍

  • 1.92 ലക്ഷം കുടുംബങ്ങളിലെ 11.09 ലക്ഷം അംഗങ്ങള്‍ക്ക് 3694 ചെറുകിട കുടിവെള്ള പദ്ധതികളിലൂടെയും 16 വലിയ പദ്ധതികളിലൂടെയും വീട്ടുമുറ്റത്ത് ശുദ്ധജലം ലഭ്യമാക്കി.
  • 68023 ശൗചാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
  • 24194 ആഴക്കുഴി കക്കൂസുകള്‍ ഇരട്ടക്കുഴികളാക്കി ആരോഗ്യരക്ഷ ഉറപ്പാക്കി.
  • 89319 കമ്പോസ്റ്റ് പിറ്റും, യോക്ക് പിറ്റും നിര്‍മ്മിച്ച് പരിസര ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃകയായി.