Last updated on 10/07/2025 5:20 PM | Visitor Count 13642881
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജലനിധിയില്‍

തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയില്‍ ഉള്‍പ്പെടുത്തി പൊതുജനപങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന  കുടിവെളള വിതരണ പദ്ധതികളുടെ എല്ലാ ആസ്തികളും ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന്‍റെ (ജി.പി.എസ്) സഹായത്തോടെ ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍റെ കീഴില്‍ കൊണ്ടുവരുന്നു. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുടിവെളള വിതരണ പദ്ധതികളുടെയും അനുബന്ധ ഘടകങ്ങളുടേയും ആസ്തികളുടെ ഉടമസ്ഥാവകാശം അതാതു ഗുണഭോക്തൃ സമിതികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമാണ്. പദ്ധതി നിര്‍വ്വഹണത്തിനുശേഷം ജലനിധി കുടിവെളള വിതരണ പദ്ധതികളുടെ ആസ്തി വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്കും ലഭ്യമാക്കുന്നതിനു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) ഉപയോഗിച്ച് ആസ്തി ഭൂപടം നിര്‍മ്മിക്കുന്നു.

ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന്‍റെ (ജി.പി.എസ്) സഹായത്തോടെ ജലനിധി ആസ്തികളുടെ ഭൂമിയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ് ജി.ഐ.എസ് ഭൂപട നിര്‍മ്മാണത്തിലെ ആദ്യ പടി. ജി.പി.എസ് ഉപയോഗിച്ച് സര്‍വ്വേ ചെയ്യുമ്പോള്‍ ആസ്തികളിലേയ്ക്ക് എത്തിപ്പെടുന്നതിനുളള വഴിയും (ജി.ഐ.എസ്) റിസീവറില്‍ രേഖപ്പെടുത്തുന്നു. ഉപഗ്രഹങ്ങളില്‍ നിന്നുളള സിഗ്നലുകള്‍ മുഖേനയാണ് ഇത് സാധ്യമാകുന്നത്. ജി.പി.എസ് സര്‍വ്വേയില്‍ ലഭിച്ച രേഖകള്‍ കമ്പ്യൂട്ടറിലേയ്ക്ക് മാറ്റി ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം നിര്‍മ്മിക്കും. ജി.ഐ.എസ് ഭൂപട നിര്‍മ്മാണത്തിനായി ജി.ഐ.എസ് സോഫ്റ്റ് വെയറുകളും ക്യൂ.ജി.ഐ.എസ് സോഫ്റ്റ് വെയറുകളുമാണ് കെ.ആര്‍.ഡബ്ല്യു.എസ്.എ ഉപയോഗിക്കുന്നത്. ജി.ഐ.എസ് ഭൂപടങ്ങള്‍ സാങ്കേതികജ്ഞാനമില്ലാത്തവര്‍ക്കും ഉപയോഗിക്കുന്നതിനായി പൊതുവായ ഒരു ഇന്‍റര്‍നെറ്റ് ലിങ്കായി സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നു. ഈ വിധത്തില്‍ ഭൂപടം നിര്‍മ്മിക്കുമ്പോള്‍ ആവശ്യാനുസരണം പകര്‍പ്പുകള്‍ എടുക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനും സാധിക്കുന്നു. കുടിവെളള വിതരണ പദ്ധതികളുടെ കിണറുകളും, ജല സംഭരണികളും, ജലശുദ്ധീകരണ പ്ലാന്‍റുകളും, പമ്പ് ഹൗസുകളും, പാതകളും, മറ്റ് ആസ്തികളും വെവ്വേറെ കാണുവാനും, വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും സാധിക്കും വിധത്തിലാണ് ജലനിധി പദ്ധതിയുടെ ജി.ഐ.എസ് ഭൂപടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്തിന്‍റെ ഏതു കോണിലിരുന്നും ജലനിധി കുടിവെളള വിതരണ പദ്ധതികളെ പറ്റി മനസ്സിലാക്കാനും തുടര്‍പഠനങ്ങള്‍ക്ക് വിവരങ്ങള്‍ ഉപയോഗിക്കാനും സാധിക്കും എന്നത് ജി.ഐ.എസിന്‍റെ മേډയാണ്. കുടിവെളള വിതരണ പദ്ധതികളുടെ കിണറും ജലസംഭരണിയും ജലശുദ്ധീകരണ പ്ലാന്‍റുകളും നിര്‍മ്മിച്ചിരിക്കുന്ന സാങ്കേതികവിദ്യ, കിണറിന്‍റെ ആഴം, വ്യാസം, പമ്പിന്‍റെ ശേഷി, ജലഗുണനിലവാര പ്രശ്നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍, കിണര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലത്തിന്‍റെ പേര്, ജലസംഭരണിയുടെ അളവുകള്‍, ശേഷി, പഞ്ചായത്ത് വാര്‍ഡ്, ഭൂമിയിലെ സ്ഥാനം, എത്തിപ്പെടാനുളള വഴികള്‍, ഗുണഭോക്തൃസമിതി ഭാരവാഹികളുടെ പേരും, ബന്ധപ്പെടാനുളള ഫോണ്‍ നമ്പറും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും അറിയുവാന്‍ ജി.ഐ.എസ് ഉപയോഗിക്കുന്നത് വഴി സാധിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് കാര്യാലയത്തില്‍ ഇരുന്നുകൊണ്ട് തന്നെ ജലനിധി കുടിവെളള വിതരണ പദ്ധതികളെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും എല്ലാ കാലത്തും എപ്പോള്‍  വേണമെങ്കിലും ഒരു വിരല്‍സ്പര്‍ശത്താല്‍ അറിയുവാന്‍ കഴിയും. പുതിയതായി ചുമതല ഏല്‍ക്കുന്ന ജലനിധി ബിജി ഫെഡറേഷന്‍ ഭാരവാഹികള്‍ക്ക് ഗ്രാമപഞ്ചായത്തിലെ കുടിവെളള വിതരണ പദ്ധതികളെപ്പറ്റി മനസ്സിലാക്കാനും സാങ്കേതികപ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും സാധിക്കുന്നത് ജി.ഐ.എസിന്‍റെ നേട്ടങ്ങളാണ്. ഓരോ സമിതിയുടെയും ആസ്തികളിലേയ്ക്കുളള വഴികള്‍- ദേശീയ പാത, പി.ഡബ്ല്യു.ഡി റോഡുകള്‍, പഞ്ചായത്ത് റോഡുകള്‍, മണ്‍പാതകള്‍, നടപ്പാതകള്‍ എന്നിവ തരം തിരിച്ച് കാണിക്കുന്നതിനാല്‍ പ്രദേശത്തെ സംബന്ധിച്ച അറിവില്ലാത്തവര്‍ക്കും പദ്ധതി പ്രദേശത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജലനിധി പദ്ധതിയെപ്പറ്റിയും പ്രദേശത്തെ ജലലഭ്യതയെ പറ്റിയും അതാതു ഓഫീസുകളില്‍ ഇരുന്നു കൊണ്ട് തന്നെ മനസ്സിലാക്കുവാനും തുടര്‍പഠനങ്ങള്‍ നടത്തുവാനും ജി.ഐ.എസ് സഹായിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ ത്രിമാന ചിത്രങ്ങളും മാതൃകകളും ജി.ഐ.എസില്‍ നിര്‍മ്മിക്കുന്നത് വഴി പ്രസ്തുത ഭൂപ്രദേശത്തെപ്പറ്റി ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കുവാനും ഭൂഗര്‍ഭജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനും കഴിയും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ജി.ഐ.എസ് ഭൂപടങ്ങള്‍ തുറക്കുവാന്‍ കഴിയുമെന്നതിനാല്‍ യാത്രാവേളകളിലും, കമ്പ്യൂട്ടര്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍പോലും  വിവിധ ഗ്രാമപഞ്ചായത്തുകളിലുള്ള കുടിവെളള വിതരണ പദ്ധതികളെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നു എന്നതാണ് ജലനിധിയുടെ ജിയോഗ്രാഫിക്ക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്‍റെ ഏറ്റവും വലിയ നേട്ടം.