മഴ കേന്ദ്രം
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന "മഴ കേന്ദ്രം" മഴവെള്ളക്കൊയ്ത്തും, സംഭരണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 2004ല്‍ സ്ഥാപിതമായി. സംസ്ഥാനത്തുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് "മഴ കേന്ദ്രം" ആരംഭിച്ചത്. തുടക്കത്തില്‍ മഴവെള്ളക്കൊയ്ത്തും സംഭരണവും എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു പ്രധാന പരിപാടി. അതിനായി വിവിധ വിവര വിജ്ഞാന വിനിമയ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചു. ഫെറോസിമന്‍റ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വിവിധ വലുപ്പത്തിലുള്ള മാതൃകാ മഴവെള്ള സംഭരണികള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിര്‍മ്മിച്ചുകൊണ്ട് മഴവെള്ളസംഭരണത്തിന് പ്രചുര പ്രചാരം നല്‍കി. ലോകബാങ്കിന്‍റെ ഫണ്ടും വിവിധോദ്ദേശ്യ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നീക്കിവച്ച ഫണ്ടും ഉപയോഗിച്ചുകൊണ്ടാണ് പ്രാരംഭഘട്ടങ്ങളില്‍ "മഴ കേന്ദ്രം" പ്രവര്‍ത്തിച്ചത്. ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് ഒരു ബദല്‍ സംവിധാനമെന്ന നിലയില്‍ മഴവെള്ളം കൊയ്തെടുക്കുകയും സംഭരിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളില്‍ എത്തിക്കേണ്ടത് അനിവാര്യമായതിനാല്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി വിശദമായ പദ്ധതിരേഖ സംസ്ഥാന ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കുകയുണ്ടായി. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ സംസ്ഥാന ആസൂത്രണ ബോര്‍ഡ് പദ്ധതി രേഖ അംഗീകരിക്കുകയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷ ബജറ്റില്‍ തന്നെ തുക വകയിരുത്തുകയും ചെയ്തു.
മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം സംഭരിക്കുകയും ഒപ്പം മണ്ണില്‍ താഴ്ത്തുകയും ചെയ്യുന്നത് വ്യക്തിഗത കുടുംബങ്ങള്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനും ഭൂമിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനും ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തി. കുടിവെള്ളത്തിന് ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍, പ്രത്യേകിച്ച്, മലമുകളിലും തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലത്തും താമസിക്കുന്ന കുടുംബങ്ങള്‍ ഈ പദ്ധതിയെ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
കുടിവെള്ള പ്രശ്നത്തിന്‍റെ രൂക്ഷത ലഘൂകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലധികമായി വ്യക്തിഗത കുടുംബങ്ങള്‍ക്കും സ്കൂളുകള്‍ക്കും മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിനായി "മഴകേന്ദ്രം' സാമ്പത്തികസഹായം നല്‍കി വരുന്നു. വിദ്യാര്‍ത്ഥി സമൂഹത്തിലും പൊതുജനങ്ങള്‍ക്കിടയിലും മഴവെള്ള സംഭരണവും ഉപയോഗവും പ്രോത്സാഹിപ്പിക്കാന്‍ ഈ പരിപാടികള്‍ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കിയത്.
ഒരു മികച്ച ബദല്‍ സംവിധാനമെന്ന നിലയില്‍ തീരദേശവും മലമ്പ്രദേശങ്ങളും ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ മഴവെള്ള സംഭരണവും മഴവെള്ളക്കൊയ്ത്തും പ്രോത്സാഹിപ്പിക്കാന്‍ എടുക്കുന്ന താല്പര്യം അഭിനന്ദനാര്‍ഹമാണ്. ധാരാളം വെള്ളം ആവശ്യമുള്ള സ്ഥാപനങ്ങളും ഒരു ബദല്‍ സംവിധാനമായി മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നതും ആശാവഹമാണ്.
കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് ഏറ്റവും മികച്ച ബദല്‍ സംവിധാനമെന്ന നിലയില്‍ സംസ്ഥാനവ്യാപകമായി ജനങ്ങള്‍ ഈ പദ്ധതി ഏറ്റെടുക്കുന്നതു വരെയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മഴവെള്ളക്കൊയ്ത്തും സംഭരണവും അടിസ്ഥാന സേവനത്തില്‍ ഉള്‍പ്പെടുത്തി സാമ്പത്തികസഹായം ഉറപ്പുവരുത്തുന്നത് സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ഉപാധിയായിരിക്കും.