Last updated on 10/03/2025 5:20 PM | Visitor Count 9987257
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

Success Stories

blogpost

ആമ്പല്‍ ശുദ്ധജലവിതരണ പദ്ധതി സംഘാടനമികവിന്റെ മറ്റൊരു മാതൃക, ഇട്ടിയപ്പാറ, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ല

ആമുഖം
കോട്ടയം ജില്ലയിലെ ഉഴവൂര്‍ ബ്ലോക്കിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്താണ്  കടപ്ലാമറ്റം. 13 വാര്‍ഡുകള്‍ ഉളള കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ ജനസംഖ്യാ 13,471 ആണ്. 2307 കുടുംബങ്ങള്‍ ആണ് പഞ്ചായത്തിലുള്ളത്. ഭൂമി ശാസ്തപരമായ ഘടന പ്രകാരം പഞ്ചായത്ത് മലയോര പ്രദേശമാണ് കൂടാതെ റബ്ബര്‍ കൃഷിയാണ് പഞ്ചായത്തിലധികവും ചെയ്തുവരുന്നത്. പഞ്ചായിത്തിലെ ചിലഭാഗങ്ങള്‍ സമതലപ്രദേശങ്ങളും, നെല്‍വയലുകളുമാണ്. വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്.  വേനല്‍ കാലത്ത് പഞ്ചായത്തിലെ ജനങ്ങള്‍ പൊതുവേ ടാങ്കര്‍ ലോറിയില്‍ ലഭ്യമാകുന്ന ജലത്തെയാണ് ആശ്രയിച്ചുവരുന്നത് ഇങ്ങനെ ലഭ്യമാകുന്ന ജലത്തിന് 1000 ലിറ്ററിന് 500 രൂപയാണ് നല്‍കേണ്ടിവന്നത്.. ജലനിധി പദ്ധതി 2012ലാണ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് മൊത്തം 33 ജലവിതരണ പദ്ധതികള്‍ ജലനിധിവഴി പ്രാവര്‍ത്തകമാക്കി. 1877 കുടുംബങ്ങള്‍ക്ക് ഇതുകൊണ്ട് പ്രയോജനമുണ്ടായി. ജലനിധി പദ്ധതി ലഭ്യമാകുന്നതിന് മുന്‍പ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ വളരെ ദൂരമുള്ള സ്ഥലങ്ങളില്‍ നിന്നുമാണ് അവരുടെ നിത്യോപയോഗത്തിനുള്ള ജലം ശേഖരിച്ചുകൊണ്ടിരുന്നത്.
ആമ്പല്‍ ശുദ്ധജലവിതരണ പദ്ധതി - ചരിത്രം,
കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സ്ഥാപിതമായ ശുദ്ധജലവിതരണ പദ്ധതിയാണ് ആമ്പല്‍ പദ്ധതി. ടി പദ്ധതി 24 ഫെബ്രുവരി 2012 രൂപീകരിക്കുകയും, ശുദ്ധജലവിതരണ വിതരണം 7 ജൂണ്‍ 2014 ആരംഭിക്കുകയും ചെയ്തു. പദ്ധതി സ്രോതസ്സ് തുറന്ന കിണറാണ്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അടങ്കല്‍ തുകയായി 24,07,300/- രൂപ കണക്കാക്കുകയും അനുവദിച്ചതില്‍ നിന്ന്  1,21,377/- മിച്ചം പിടിക്കുയും ചെയ്തു. 50 കുടുബങ്ങളുള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ അവരുടെ വിഹിതമായി ആകെ പദ്ധതി തുകയുടെ 10% ഗുണഭോക്തൃ വിഹിതമായി പിരിച്ചു. ഒരു ഗുണഭോക്താവ് ഏകദേശം 21,735/- രൂപയാണ് ഗുണഭോക്തൃ വിഹിതമായൊടുക്കി. പദ്ധതി നിലവില്‍ വന്നതിനുശേഷം എല്ലാമാസവും 100 രൂപയാണ് നടത്തിപ്പും പരിപാലനത്തിനുമുള്ള മിനിമം തുകയായി ഈടാക്കിയത്. 15,000 ലിറ്റര്‍ വെള്ളത്തിന് 100 രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്. അനുവദനീയമായ അളവില്‍ കൂടുതല്‍ ഉപഭോഗം ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ അധിക ലിറ്ററിനും വലിയൊരു തുക ചാര്‍ജ്ജ് ചെയ്ത് ജല ഉപഭോഗം കൃത്യമായി നിയന്ത്രിച്ചുവരുന്നു. എല്ലാവീടുകളിലും പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷനിലൂടെ ദിവസേന മൂന്നുമണിക്കൂര്‍ വീതം ജലവിതരണം ആമ്പല്‍ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കൂടാതെ വര്‍ഷാവര്‍ഷമുള്ള തിരഞ്ഞെടുപ്പ്, രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നിവയും കൃത്യമായി നടത്താറുണ്ട്. കൃത്യമായി എല്ലാമാസവും പമ്പ് ഓപ്പറേറ്റര്‍ മീറ്റര്‍ റീഡിംഗ് നടത്തി അനുവദനീയമായ ജലത്തിനുമധികമായി ഉപയോഗിക്കുന്ന ജലത്തിന് വലിയ തുക കരമായി കൃത്യസമയത്ത് പിരിച്ചെടുക്കുന്നതുമൂലം എല്ലാ ചിലവുംകഴിച്ച് 1,57,120/- രൂപ ഗുണഭോക്തൃ സമിതിയുടെ കരുതല്‍ സമ്പാദ്യം ഉണ്ട്.  ഗുണഭോക്തൃ സമിതി എല്ലാമാസവും കൃത്യമായി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് വരവ് ചിലവ് കണക്കുകളുടെയും, വെള്ളം ടെസ്റ്റ് ചെയ്ത് അത് ശുദ്ധീകരിക്കുന്നതിന്റെയും, മറ്റു റിപ്പയറുകളും, ഗുണഭോക്താക്കളുടെ പ്രശ്നപരിഹാര അദാലത്ത് നടത്തിയും കൃത്യമായി പദ്ധതിയെ മുമ്പോട്ടുകൊണ്ടുപോകുന്നു.
ആമ്പല്‍ ഗുണഭോക്തൃസമിതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ചുവടെ പറയുന്നവയാണ്.
  1. ചിട്ടി
ഗുണഭോക്താക്കളില്‍ സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കുവാന്‍ സമിതിയുടെ നേതൃത്വത്തില്‍ ചിട്ടി നടത്തുകയും എല്ലാമാസവും 850/- രൂപ വീതം പിരിച്ച് ലക്കി ഡ്രോ വഴി ചിട്ടി വിതരണം ചെയ്യുന്നു. ഒരിക്കല്‍ വിജയിയായ ഗുണഭോക്താവിന് അടുത്ത ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാതെ ചിട്ടിയുടെ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത്രയും സുരാത്യയിലും ജനകീയവുമായി നടക്കുന്ന ചിട്ടി ഗുണഭോക്താക്കളില്‍ സമ്പാദ്യ ശീലം ഉളവാക്കുകയും ചിട്ടി പിടിച്ച് ലഭ്യമാകുന്ന തുക ഉപയോഗിച്ച് അവര്‍ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ ആരോഗ്യപരിപാലനം കുടുംബങ്ങളില്‍ ആവശ്യമാ ഗൃഹോപകരണങ്ങള്‍ എന്നിവ വാങ്ങുകയും ചെയ്യുന്നു.
  1. മെഡിക്കല്‍ ക്യാമ്പ്
ആമ്പല്‍ ഗുണഭോക്തൃസമിതി സന്നദ്ദസേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുണഭോക്തൃ സമിതിയിലെ ഓരോകുടുംബങ്ങള്‍ക്കും കൂടാതെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു. പ്രമേഹം, കണ്ണ്, പല്ല് എന്നിവ കൂടാതെ ജീവിതശൈലി രോഗങ്ങളുടെയുമെല്ലാം ക്യമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു. മഴക്കാലങ്ങളില്‍ ഹോമിയോ മരുന്നുകളുടെ വിതരണവും ഈക്കൂട്ടത്തില്‍ നടത്തിവരുന്നു. ഇതിനെല്ലാം തന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തം ലഭ്യമാകാറുണ്ട്.
  1. സ്വയം തൊഴില്‍ പരിശീലനപരിപാടികള്‍
ഗുണഭോക്തൃ സമിതിയിലെ ഉപഭോക്തൃ കുടുംബങ്ങള്‍ക്കായി സോപ്പ് പൊടി, ഹാന്‍ഡ് വാഷ്, വീട്ടാവശ്യത്തിനുള്ള വിവിധതരം ലോഷ്യന്‍, കാര്‍വാഷ് ലോഷ്യന്‍ തുടങ്ങിയവ നിര്‍മിക്കാനുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും പരിശീലനം സിദ്ധിച്ച ഗുണഭോക്താക്കള്‍ വാണിജ്യാവശ്യത്തിന് ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ ഗുണഭോക്തൃസമിതി തന്നെ ബ്രാന്റ് ചെയ്ത് വില്ക്കുകയും ചെയുന്നു. ഇതിലൂടെ ആമ്പല്‍ ഗുണഭോക്തൃ സമിതിയും സമിതിക്കുകീഴിലെ ഉപഭോക്താക്കാളും അധിക വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മറ്റു സമൂഹങ്ങള്‍ക്ക് ഒരു മികച്ച മാതൃകയായി നില്‍ക്കുന്നു.
  1. ഗുണഭോക്തൃ സമിതി കലണ്ടര്‍
ആമ്പല്‍ ഗുണഭോക്തൃ സമിതി നിലവില്‍ വന്നതിനുശേഷം എല്ലാ വര്‍ഷവും കൃത്യമായി മള്‍ട്ടി കളറില്‍ ലാമിനേറ്റഡ് കലണ്ടറുകള്‍ ഗുണഭോക്താക്കള്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കാറുണ്ട്. പ്രസ്തുത കലണ്ടറില്‍ കാലാകങ്ങളില്‍ തിരഞ്ഞെടുപ്പിലൂടെ മാറിമാറി വരുന്ന ഗുണഭോക്തൃ സമിതി അംഗങ്ങളുടെ പേരുവിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തിയാണ് നല്‍കാറുള്ളത്. ഇത് സമിതിയുടെ കീഴിലെ ഗുണഭോക്താക്കള്‍ക്ക് സമിതി അംഗങ്ങളെ ബന്ധപ്പെടുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമയാസമയങ്ങളില്‍ ഉന്നയിക്കുന്നതിനും ഉപകാരപ്പെടുന്നു.
  1. തുണി സഞ്ചി നിര്‍മ്മാണവും വിതരണ യൂണിറ്റ്
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്ലാസ്റ്റിക്കുകള്‍ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ആമ്പല്‍ ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് പകരമായി തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് ഗുണഭോക്തൃ സമിതിയുടെ കീഴിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി തുണി സഞ്ചി ലഭ്യമാക്കിവരുന്നു. തുണി സഞ്ചിയില്‍ ഗുണഭോക്തൃ സമിതിയുടെ പേരുവിവരങ്ങളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ലഭ്യമാക്കുന്നത് ഇത് ഗുണഭോക്താക്കളില്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രജോദന മാതൃകയാണ്..
  1. ആമ്പല്‍ പദ്ധതി ഒരു പഠനമാതൃക
കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള ആമ്പല്‍ ഗുണഭോക്തൃ സമിതിയുടെ ഓരോ പ്രവര്‍ത്തനങ്ങളും പദ്ധതിക്ക് കേരളത്തിനകത്തും പുറത്തും ധാരാളം പ്രശംസ നേടിയെടുക്കാന്‍ കഴിഞ്ഞു അതിനാല്‍ തന്നെ മറ്റു ജില്ലകളില്‍ നിന്നും കേരളത്തിനു പുറത്തുമുള്ള പല സംഘടനകളും ആമ്പല്‍ ഗുണഭോക്തൃ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ പദ്ധതിപ്രദേശത്ത് പഠനയാത്രകള്‍ സംഘടിപ്പിക്കുകയുംചെയതുവരുന്നു.
ആമ്പല്‍ ഗുണഭോക്തൃസമിതിയുടെ ജനകീയമായ ഇത്തരം ഇടപെടലുകള്‍ സമിതിയെ മികച്ച ഒരു സംഘടനയാക്കിമാറ്റുകയും സമിതി പ്രസിഡന്റ് ശ്രീ. ജോഫി ജോസഫ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ബി.ജി ഫെഢറേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും. ഗ്രാമപഞ്ചായത്തില്‍ ബി.ജി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഓഫീസ് അനുവദിക്കുകയും, പഞ്ചായത്തിനുകീഴിലെ ശുദ്ധജലവിതരണ പദ്ധതികളുടെ ഏകോപന ചുമതല അദ്ദേഹത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇതെല്ലാം തന്നെ ആമ്പല്‍ ഗുണഭോക്തൃ സമിതിയുടെ മികച്ച പ്രവര്‍ത്തനിനുള്ള അംഗീകാരമാണ്. ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനം മറ്റു പദ്ധതികള്‍ക്ക് ഒരു മികച്ച പാഠം കൂടെയാണെന്ന് തെളിയിക്കുകായണ് ആമ്പല്‍ ശുദ്ധജല വിതരണ പദ്ധതി.